കീബോര്‍ഡും, മൗസുമില്ലാതെ ഇനി കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാം
പത്തനംതിട്ട: കമ്പ്യൂട്ടറില്‍ ജോലി ചെയ്യാന്‍ ഇനി കീബോര്‍ഡും, മൗസുമായി ഒരിടത്ത് കുത്തിയിരിക്കേണ്ട. പകരം മറ്റ് ജോലികള്‍ക്കിടെ കൈ ചലിപ്പിച്ച് കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിരിക്കുകയാണ് പത്തനംതിട്ട മുസലിയാര്‍ എഞ്ചിനീയറിങ്ങ് കോളേജിലെ ഒരുകൂട്ടം വിദ്യാര്‍ത്ഥിനികള്‍. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച കയ്യുറകള്‍ വഴിയാണ് കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കുക. ഐടി മേഖലയില്‍ ജോലിയെടുക്കുന്നവരും, ദീര്‍ഘനേരം കമ്പ്യൂട്ടറിന് മുന്നില്‍ ഇരിക്കുന്നവരും അനുഭവിക്കുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. നടുവേദന, കഴുത്തുവേദന, കണ്ണുവേദന തുടങ്ങി നിരവധി അസുഖങ്ങളുമായാണ് കീബോര്‍ഡും, മൗസുമായി ഒരിടത്ത് കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ നോക്കിയിരിക്കുന്നവര്‍ക്ക് മല്ലടിക്കേണ്ടി വരുന്നത്. ഇതിനൊരു പരിഹാരവുമായാണ് പത്തനംതിട്ട മുസലിയാര്‍ എഞ്ചിനീയറിങ്ങ് കോളേജിലെ അവസാന വര്‍ഷ ഇലക്ട്രോണിക്‌സ് വിഭാഗത്തിലെ ഏതാനും വിദ്യാര്‍ത്ഥിനികള്‍ രംഗത്തെത്തിയിരിക്കുന്നത്. നൂറുമീറ്റര്‍ ചുറ്റളവില്‍ എവിടെ നിന്നും കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാനായി നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രത്യേകതരം കയ്യുറകളാണ് ഇവര്‍ നിര്‍മ്മിച്ചിരിക്കുന്നത്. രഹനാസ് നാസര്‍, രേഷ്മ സുരേഷ്, ജീനാ വിന്‍സന്റ് , നസിയാ ഹബീബ് എന്നീ വിദ്യാര്‍ത്ഥിനികള്‍ അധ്യാപകരുടെ സഹായത്തോടെ വികസിപ്പിച്ചെടുത്തതാണ് ഈ കയ്യുറ. ആക്‌സിലറോ മീറ്റര്‍, സിഗ്ബി സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ കയ്യുറകളുടെ നിര്‍മ്മാണം. വലതുകയ്യിലെ കയ്യുറയില്‍ കീബോര്‍ഡിന്റെയും, ഇടതുകയ്യിലേതില്‍ മൗസിന്റെയും പ്രവര്‍ത്തനമാണ് നടത്താന്‍ സാധിക്കുക. കയ്യുറകള്‍ ഉപയോഗിച്ച് മറ്റ് ജോലികള്‍ക്കിടയിലും കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാം. കയ്യുറകള്‍ ഉപയോഗിക്കുക വഴി, ഒരിടത്ത് കുത്തിയിരുന്ന് ജോലിയെടുക്കുന്നത് മൂലമുള്ള അസ്വസ്ഥതകള്‍ ഒഴിവാക്കാനാകുമെന്ന് വിദ്യാര്‍ത്ഥിനികള്‍ പറയുന്നു. 5000 രൂപയാണ് ഈ കയ്യുറകളുടെ നിര്‍മ്മാണച്ചിലവ്. എന്നാല്‍ ഉത്പന്നമെന്ന നിലയില്‍ വിപണിയിലെത്തിക്കുമ്പോള്‍ 1500 രൂപക്ക് ഇവ ലഭ്യമാക്കുകയാണ് ഇവരുടെ ലക്ഷ്യം.
കടപ്പാട്: indiavisiontv.com
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ