ഇന്ത്യയില്‍ ഇന്റര്‍നെറ്റിന് വില കൂടുന്നു
2ജി ആയാലും 3ജി ആയാലും ടെലികോം കമ്പനികളുടെ, ഹൈസ്പീഡെന്ന മോഹന വാഗ്ദാനങ്ങള്‍ വരുന്നതും പോകുന്നതും നല്ല വേഗത്തിലാണ്.വാക്കുമാറ്റുന്ന വേഗമെങ്കിലും നെറ്റിന് കിട്ടിയിരുന്നെങ്കില്‍ എന്ന ഉപയോക്താക്കളുടെ ആഗ്രഹം മാത്രം ബാക്കി. എന്തായാലും സ്പീഡിന്റെ പേരിലുള്ള തട്ടിപ്പ് ഇനി നടക്കില്ലെന്ന ഉറക്കെയുള്ള പ്രഖ്യാപനമാണ് കേള്‍ക്കുന്നത്.
ഈ അവസരത്തില്‍ ഇന്റര്‍നെറ്റ് സേവനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ടെലികോം റഗുലേറ്ററി അതോറിട്ടി ഓഫ് ഇന്ത്യ (ട്രായ്). വയര്‍ലെസ് ഡാറ്റ സര്‍വീസിന് മിനിമം സ്പീഡ് ഉറപ്പുവരുത്താനുള്ള നീക്കത്തിലാണവര്‍.
മോശം ഡൗണ്‍ലോഡ് സ്പീഡെന്ന പരാതി ഏറിവരുന്ന സാഹചര്യത്തിലാണ് ട്രായ് ഇടപെടുന്നത്. മിനിമം സ്പീഡ് സംബന്ധിച്ച് ഒരു മാനദണ്ഡവും നിലവിലില്ല. 7.2 എം.ബി.പി.എസ് -21 എം.ബി.പി.എസ് സ്പീഡാണ് ഹൈസ്പീഡ് വയര്‍ലെസ് ഡാറ്റ സര്‍വീസുകളില്‍ ടെലികോം കമ്പനികള്‍ ഓഫര്‍ ചെയ്യുന്നതെങ്കിലും 3ജി സര്‍വീസില്‍പ്പോലും യഥാര്‍ത്ഥത്തില്‍ ലഭിക്കുന്നത് 399 കെ.ബി.പി.എസ് മുതല്‍ 2.48 എം.ബി.പി.എസ് വരെ മാത്രമാണെന്നാണ് ട്രായിയുടെ കണ്ടെത്തല്‍.
3ജി സേവനത്തിനും മറ്റും സെക്കന്‍ഡില്‍ കുറഞ്ഞത് ഒരു മെഗാബൈറ്റ് ഡൗണ്‍ലോഡ് സ്പീഡ് വേണമെന്ന നിലപാടിലാണ് ട്രായ്. ഇക്കാര്യം വൗച്ചറുകളിലും വെബ്സൈറ്റിലും പരസ്യങ്ങളിലും വെളിപ്പെടുത്തണമെന്നും അവര്‍ പറയുന്നു.
ജനവരിയിലെ കണക്കുപ്രകാരം 4.19 കോടി ആളുകളാണ് മൊബൈലുകളിലൂടെയോ, ഡോംഗ്ലറുകളിലൂടെയോ രാജ്യത്ത് വയര്‍ലെസ് സേവനം ഉപയോഗിക്കുന്നത്.
കടപ്പാട്: mathrubhumi.com
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ