2014, മേയ് 14, ബുധനാഴ്‌ച

അന്യഗ്രഹജീവിയുടെ യുടുബ് അക്കൗണ്ട്‌

SreejithSree | 8:21 AM
അന്യഗ്രഹജീവിയുടെ യുടുബ് അക്കൗണ്ട്‌



ലണ്ടന്‍: അന്യഗ്രഹജീവികള്‍ക്കും യൂട്യൂബില്‍ ആക്കൗണ്ടോ, അതും 80,000 ല്‍ അധികം വീഡിയോകളുള്ള ഒരു അക്കൗണ്ട്. 2013 സെപ്റ്റംബര്‍ 23ന് യൂട്യൂബില്‍ വിചിത്രമായ ഒരു വീഡിയോ അപ് ലോഡ് ചെയ്ത വെബ്‌ഡ്രൈവര്‍ ടോഴ്‌സോ എന്ന പേരിലുള്ള യൂട്യൂബ് അക്കൗണ്ടാണ് ഇപ്പോള്‍ ശരിക്കും സൈബര്‍ ലോകത്തെ കുഴയ്ക്കുകയാണ്. എന്താണ് ഈ യൂട്യൂബില്‍ ഉള്ളതെന്ന് ഒന്ന് പരിശോധിക്കാം, മനുഷ്യന് ആസ്വദിക്കാന്‍ പറ്റുന്ന യാതൊന്നുമോ ഈ വീഡിയോകളില്‍ ഇല്ലെന്ന് ആദ്യമേ പറയട്ടെ.
ഒരോ വീഡിയോയും പരിശോധിച്ചാല്‍ കാണുന്നത് ഇങ്ങനെ - നീലയും ചുവപ്പും നിറങ്ങള്‍ നിറഞ്ഞ ചതുരങ്ങള്‍ മാത്രം. ഒപ്പം ഏതോ കമ്പ്യൂട്ടിംഗ് യന്ത്രത്തില്‍ നിന്നെന്ന പോലെ പല മോഡുലേഷനിലുള്ള ബീപ് ശബ്ദവും. കാണുന്ന ഏതൊരാള്‍ക്കും അനായാസം അവഗണിക്കാവുന്ന ഒന്നായി തോന്നിയേക്കാം, എന്നാല്‍ ഒരു മണിക്കൂറിനു ശേഷം വീണ്ടും മറ്റൊന്ന് എന്നരീതിയില്‍ ദിവസങ്ങളോളം മാസങ്ങളോളം ആയിരക്കണക്കിനു വീഡിയോകള്‍ ഈ അക്കൗണ്ടില്‍ അപ് ലോഡ് ചെയ്യപ്പെടുകയാണ്. ഇത് ഇപ്പോള്‍ 80,000 ല്‍ അധികം വീഡിയോകളായിരിക്കുന്നു‍. എല്ലാറ്റിലും ഉള്ളത് ചുവപ്പും നീലയും കളങ്ങളും ബീപ് ശബ്ദവും മാത്രം. മറ്റൊരു കൗതുകകരമായ കാര്യം, ഫ്രാന്‍സിന്റെ പതാകയിലുള്ളപോലെ വെളുത്ത പ്രതലത്തില്‍ രണ്ടു വശങ്ങളിലായി ക്രമീകരിച്ച നീലയും ചുവപ്പും കള്ളികളാണ് ഈ വീഡിയോകളിലും ഉള്ളത്
എന്നാല്‍ കൗതുകരമായ മറ്റുചില കാര്യങ്ങളും ഈ വീഡിയോകളുടെ കൂട്ടത്തിലുണ്ട്, ഈ ചാനലിലെ ഏറ്റവും ആദ്യത്തെ വീഡിയോയാണ്. 'അക്വാ റ്റീന്‍ ഹങ്കര്‍ ഫോഴ്‌സ് ' എന്ന കാര്‍ട്ടൂണ്‍ ചിത്രത്തിലെ ഒരു ദൃശ്യം. അതും ഫ്രാന്‍സിലെ മാത്രം ഉപയോക്താക്കള്‍ക്ക് കാണുവാന്‍ കഴിയുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. വ്യത്യസ്തതയാര്‍ന്ന മറ്റൊരു വീഡിയോ കൂടി ഉണ്ട്, 1182മത്തെ വീഡിയോയാണ് ഇത് , ഏതോ ബാല്‍ക്കണിയില്‍ നിന്ന് ചിത്രീകരിച്ച ജ്വലിച്ചു നില്ക്കുന്ന ഈഫല്‍ ടവറിന്റെതാണ് ദൃശ്യം . അതിനു യൂട്യൂബിലെ അക്കൗണ്ട് യൂസര്‍ തന്നെ കമന്റും പാസാക്കിയിരിക്കുന്നു; 'മറ്റെയ് അതീവ ബുദ്ധിശാലിയാണ്. ആരാണു 'മറ്റെയ് '? -
എട്ടുമാസമായി ഇത്രയും വീഡിയോകള്‍, എന്നാല്‍ ഇതില്‍ അര്‍ത്ഥമാക്കുന്നത് എന്ത്, ആര് അപ് ലോഡ് ചെയ്യുന്നു ഈ കാര്യങ്ങള്‍ ഇപ്പോഴും അജ്ഞാതം. ഈ വീഡിയോ കണ്ടിട്ട് ഒരു പിടിയും കിട്ടാതെ വീഡിയോകള്‍ക്ക് അടിയില്‍ കമന്റ് ചെയ്യുന്നവര്‍ അനേകം. എന്നാല്‍ ഇവര്‍ക്കും ആര്‍ക്കും ഒരു മറുപടിയും ലഭിക്കുന്നില്ല . യൂട്യൂബ് പറയുന്നതും ഫ്രാന്‍സില്‍ നിന്നാവാം വീഡിയോകള്‍ അപ് ലോഡ് ചെയ്യപ്പെടുന്നത് എന്നാണ്.
എന്തായാലും ഇത്രയധികം വീഡിയോകളുള്ള ഈ ചാനല്‍ പ്രമുഖ കംപ്യുട്ടര്‍ വിദഗ്ദന്മാരും പ്രമുഖ മാധ്യമങ്ങളും ശ്രദ്ധിച്ചു തുടങ്ങി. ബോയിംഗ് ബോയിംഗ് എന്ന ടെക്‌നിക്കല്‍ വെബ്‌സൈറ്റ് കാര്യം ഗൗരവമായെടുത്തു, അവര്‍ എല്ലാ വീഡിയോകളും അവയുടെ പൊതു സ്വഭാവങ്ങളും അപഗ്രഥിച്ച് എത്തിച്ചേര്‍ന്ന നിഗമനം ഇങ്ങനെ; വെബ്‌ഡ്രൈവര്‍ ടോഴ്‌സോ ഒരു നവീന നമ്പര്‍ സ്‌റ്റേഷനാണ്. നമ്പര്‍ സ്‌റ്റേഷന്‍ എന്നത് ശീതയുദ്ധക്കാലത്ത് ചാരന്മാര്‍ തമ്മില്‍ ആശയവിനിമയം ചെയ്യാന്‍ ഉപയോഗിച്ചിരുന്ന അതീവ രഹസ്യ രീതിയാണ്. 'കോഡ് ' അറിയുന്നവര്‍ക്കുമാത്രം 'ഡീക്രിപ്റ്റ് ' ചെയ്ത് ഉപയോഗിക്കാന്‍ കഴിയുന്നതായിരുന്നു ഇവ.
ചാനലിന്റെ പേരിന് 'സെലീനിയം വെബ് ഡ്രൈവര്‍' എന്ന സോഫ്റ്റ് വെയര്‍ കമ്പനിയോടുള്ള പേരിലെ സാദൃശ്യം അന്വേഷണത്തെ സെലീനിയം വെബ് ഡ്രൈവറിന്റെ അമരക്കാരന്‍ പാട്രിക്ക് ലൈറ്റ്‌ബോഡിയില്‍ വരെ എത്തിച്ചു. എന്നാല്‍ പാട്രിക്ക് പറഞ്ഞത് ഇങ്ങനെ 'കമ്പനിയുമായി ആ വീഡിയോകള്‍ക്കുയാതൊരു ബന്ധവുമില്ല, അവ ഏതോ അന്യഗ്രഹ ജീവിയുമായി ആരോ സംവദിക്കുന്നതുപോലെയുണ്ട് .'
ആ വഴി അങ്ങനെ അടഞ്ഞു. ഈ അന്വേഷണം പിന്നെ മനുഷ്യന്റെ അടങ്ങാത്ത ജിജ്ഞാസയ്ക്ക് വിധേയമാവുകയായിരുന്നു. മാധ്യമ ഭീമന്‍ ബിബിസി ഒരു വിശദമായ അന്വേഷണം ആരംഭിച്ചു. അവര്‍ എല്ലാ വീഡിയോകളുടെയും വിശദ വിവരങ്ങള്‍ യു ടുബില്‍ നിന്ന് ഡൌണ്‍ ലോഡ് ചെയ്ത് ക്രോഡീകരിച്ച് അപഗ്രഥനത്തിലൂടെ കണ്ടെത്തിയ കാര്യങ്ങള്‍ വളരെ വിചിത്രമാണ് ; വെബ്‌ഡ്രൈവര്‍ ടോഴ്‌സോ ക്ഷീണം ലവലേശമില്ലാത്ത അങ്ങേയറ്റം ജോലിയോട് ആത്മാര്‍ഥതയുള്ളതും സ്ഥിരതയുള്ളതുമാണ് , ക്രിസ്തുമസ് ദിനങ്ങളില്‍ പോലും വീഡിയോകള്‍ ഇടതടവില്ലാതെ നിക്ഷേപിച്ചുകൊണ്ടിരിക്കുന്നു, മാസങ്ങളോളം അവര്‍ രണ്ടു മിനിറ്റില്‍ ഒന്ന് എന്ന ക്രമത്തില്‍ വീഡിയോകള്‍ അപ് ലോഡ് ചെയ്യുന്നുണ്ടായിരുന്നു.
എല്ലാ വീഡിയോകളിലും നീലയും ചുവപ്പും കള്ളികളും ബീപ് ശബ്ദവുമുള്ള പത്ത് സ്ലൈഡുകളാണുണ്ടായിരുന്നത് , ഒരു ദിവസം നാനൂറിലേറെ വീഡിയോകള്‍ അപ് ലോഡ് ചെയ്യപ്പെടുന്നു, രണ്ടേ രണ്ട വീഡിയോകള്‍ ഒഴികെ മറ്റെല്ലാറ്റിനും 11 സെക്കന്റ് ദൈര്‍ഘ്യം. ബിബിസി ഉള്‍പ്പെടെ മാധ്യമങ്ങളെല്ലാം വാര്‍ത്ത ഏറ്റെടുത്തു കഴിഞ്ഞു. പക്ഷെ ഒരു തുമ്പും ലഭിച്ചിട്ടില്ലെന്ന് മാത്രം ഏതായാലും നിഗൂഢത ഇന്നും അവശേഷിക്കുന്നു. ഇത് നാളത്തെ രഹസ്യ ഭാഷ ആയിരിക്കുമോ? അതോ യുട്യുബ് ഉപയോഗിക്കുന്ന ഏതെങ്കിലും അന്യഗ്രഹ ജീവികളുടെ കര്‍ട്ടൂണ്‍ ചാനല്‍ ആയിരിക്കുമോ? അതുമല്ലെങ്കില്‍ മനുഷ്യന്‍ സൃഷ്ടിച്ച ഏതെങ്കിലും ആട്ടോമേറ്റഡ് സോഫ്റ്റ് വെയറിന്റെ വികടത്തരങ്ങള്‍ ആകുമോ? ചോദ്യങ്ങള്‍ നീളുന്നു



കടപ്പാട്: asianetnews.tv 
Share it →

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായം

Comment Box is loading comments...
Powered by Blog - Widget

ദൈവത്തിന്‍റെ വികൃതികള്‍ © 2014 | Powered By Blogger

Distributed By Free Blogger Templates | Designed By Windroidclub