'കലാപം മനുഷ്യത്വരഹിതം’ മോദിയുടെ ബ്ലോഗിന്റെ പൂര്‍ണ്ണരൂപം
ഗുജറാത്ത് കലാപത്തില്‍ പതിനൊന്ന് വര്‍ഷത്തിന് ശേഷം നരേന്ദ്ര മോദിയുടെ
ദു:ഖപ്രകടനം. കലാപം തന്നെ തകര്‍ത്തുകളഞ്ഞെന്ന് ബ്‌ളോഗിലൂടെ മോദി
പ്രതികരിച്ചു. ഗുജറാത്തിലെ സഹോദരങ്ങളുടെ കൊലയ്ക്ക്
കാരണക്കാരനായി ചിത്രീകരിക്കപ്പെട്ടെന്നും മോദി ബ്ലോഗില്‍ പറഞ്ഞു.
കലാപത്തില്‍ ദുഃഖം പ്രകടിപ്പിച്ച് മോദി എഴുതിയ ബ്ലോഗിന്‍റെ പൂര്‍ണ്ണരൂപം:
പ്രിയ സഹോദരി സഹോദരന്മാരെ സത്യമേവ ജയതേ, സത്യം എന്നും ജയിക്കും എന്നത് പ്രകൃതിയുടെ നിയമമാണ്. കോടതിയുടെ വിധി വന്ന സ്ഥിതിക്ക് എന്റെ ചിന്തകളും വികാരങ്ങളും രാജ്യവുമായി പങ്കുവെയ്ക്കുന്നത് പ്രാധാന്യമുള്ളതാണെന്ന് എനിക്ക് തോന്നുന്നു. 2011ലെ ഗുജറാത്ത് ഭൂകമ്പം സംസ്ഥാനത്തെ തള്ളിവിട്ടത് മരണ മൂകതയിലേക്കും തകര്‍ച്ചയിലേക്കും നിസ്സഹായതയിലേക്കുമാണ്. നൂറു കണക്കിന് ജീവനുകള്‍ നഷ്ടപ്പെട്ടു. ലക്ഷകണക്കിന് ആളുകള്‍ ഭവനരഹിതരായി. ഉപജീവനമാര്‍ഗങ്ങള്‍ ഇല്ലാതായി. ക്ലേശകരമായ അവസ്ഥയില്‍ അചിന്തനീയമായ കഷ്ടപ്പാടുകള്‍ക്കിടയില്‍ ആശ്വാസത്തിന്റെയും പുനര്‍നിര്‍മ്മാണത്തിന്റെയും ഉത്തരവാദിത്വമായിരുന്നു എന്നില്‍ ഏല്‍പ്പിക്കപ്പെട്ടത്. പൂര്‍ണ മനസ്സോടെ ഞങ്ങള്‍ ആ വെല്ലുവിളി ഏറ്റെടുത്തു. ഇതിന് അഞ്ചു മാസത്തിന് ശേഷമായിരുന്നു അപ്രതീക്ഷിതമായ ക്ഷതമേല്‍പ്പിച്ച 2002ലെ ബുദ്ധിഹീനമായ കലാപം. നിരപരാധികള്‍ കൊല്ലപ്പെട്ടു. കുടുംബങ്ങള്‍ നിസ്സഹായരായി. വര്‍ഷങ്ങളുടെ കഷ്ടപ്പാടിലൂടെ പടുത്തുയര്‍ത്തത്തിയ വസ്തുവകകള്‍ തച്ച് തകര്‍ക്കപ്പെട്ടു. പ്രകൃതി ദുരന്തത്തിന്റെ ദുരിതങ്ങളില്‍ നിന്ന് മുക്തമായി കാലുറപ്പിക്കുന്നതിന് മുന്‍പായിരുന്നു തകര്‍ന്നടിഞ്ഞ ഗുജറാത്തിന് കോട്ടം തട്ടിക്കുന്ന കലാപം. എന്നെ ഇത് ഉലച്ചു കളഞ്ഞു. മനസ്താപം, സങ്കടം, ദുരിതം, വേദന, അതിവേദന, യാതന- മനുഷ്യത്വരഹിതമായ ക്രൂരതകളെ വിശദീകരിക്കാന്‍ ഈ വാക്കുകള്‍ക്ക് സാധ്യമല്ല. ഒരു വശത്ത് ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞവരുടെ വേദന, മറുവശത്ത് കലാപ ഇരകളുടെ വേദന. ഈ ദുരിതങ്ങളെ പ്രതിരോധിക്കുവാനും, സമാധാനം, നീതി, പുനരുദ്ധാരണം തുടങ്ങിയ ലക്ഷ്യങ്ങള്‍ നേടിയെടുക്കുവാനും, എന്നെ ആവരണം ചെയ്തിരുന്ന വേദനയും യാതനയും കുഴിച്ചു മൂടുവാനും ഈശ്വരന്‍ എനിക്ക് പ്രദാനം ചെയ്ത സര്‍വ ശക്തിയിലും ഒരേ മനസ്സോടെ ശ്രദ്ധകേന്ദ്രീകരിക്കേണ്ടിയിരുന്നു. വെല്ലുവിളി നിറഞ്ഞ ഈ അവസരങ്ങളില്‍ വിശുദ്ധ ഗ്രന്ഥങ്ങള്‍ പഠിപ്പിച്ചിരുന്ന, അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്ക് ദുഖവും അതിവേദനകളും പങ്കിടാനുള്ള അവകാശമില്ലെന്നുള്ള ജ്ഞാനം ഞാന്‍ ഓര്‍ത്തെടുത്തിരുന്നു. അത് അവര്‍ ഒറ്റയ്ക്ക് തന്നെ അനുഭവിച്ച് തീര്‍ക്കണം. ഞാനും ഈ പൊള്ളലുകളിലൂടെ കടന്നു പോയി. വാസ്തവത്തില്‍ കലാപത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ ഉണ്ടാകുമ്പോള്‍ ഈശ്വരനോട് ഒരു പ്രാര്‍ത്ഥനയെ എനിക്കുണ്ടായിരുന്നുള്ളു, ഈ ക്രൂരതകള്‍ ഇനി ഒരു മനുഷ്യനിലും സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും ആവര്‍ത്തിക്കപ്പെടരുത്. അതിവേദനകള്‍ നല്‍കിയ ആപത്തിലൂടെ കടന്ന് പോയതിന്റെ വേദന ഇതാദ്യമായാണ് ഞാന്‍ പങ്ക് വെയ്ക്കുന്നത്. ഇതേ വികാരത്തോടെയായിരുന്നു ഗോധ്രയില്‍ ട്രെയിന്‍ കത്തിച്ച സംഭവം ഉണ്ടായപ്പോള്‍, ഗുജറാത്തിലെ ജനങ്ങളോട് സമാനാധാനം നിലനിര്‍ത്തണമെന്നും നിരപരാധികളുടെ ജീവന്‍ പണയം വെയ്ക്കരുതെന്നും ആഹ്വാനം ചെയ്തത്. ഇതേ ആശയങ്ങള്‍ തന്നെയായിരുന്നു മാധ്യമങ്ങളോടും അന്ന് മുതല്‍ ഞാന്‍ പങ്കുവെച്ചിരുന്നത്. കുറ്റവാളികളെ ശിക്ഷിക്കണമെന്നും നീതി നടപ്പാക്കണമെന്നും സമാധാനം ഉറപ്പ് വരുത്തണമെന്നുമുള്ളത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. സത്ഭാവന നിരാഹാര വേദിയില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങളിലും ഇക്കാര്യങ്ങളിലുള്ള എന്‍റെ അഗാതമായ ദുഖം വെളിവായിരുന്നു.
മുഖ്യമന്ത്രിയായിരുന്ന കാലം മുതല്‍ക്കേ അഞ്ചു കോടി വരുന്ന ഗുജറാത്തികളെ ഒരുമിച്ച് നിര്‍ത്താനാണ് ശ്രമിച്ചിരുന്നത്. ഈ ദുരിതങ്ങളൊന്നും പോരാ എന്ന് തോന്നിപ്പിക്കും വിതം, ഞാന്‍ സ്‌നേഹിക്കുന്ന എന്റെ ഗുജറാത്തി സഹോദരി സഹോദരന്മാരുടെ മരണത്തിനുള്ള കാരണക്കാരന്‍ ഞാനാണെന്ന കുറ്റപ്പെടുത്തലുമുണ്ടായി. നിങ്ങളെ തകര്‍ത്തു കളഞ്ഞ ഒരു സംഭവത്തിന്റെ ഉത്തരവാദി നിങ്ങളാണെന്ന് വിരല്‍ ചൂണ്ടുമ്പോള്‍ ഉണ്ടാകുന്ന ഞെട്ടലും വേദനയും എന്താണെന്ന് നിങ്ങള്‍ക്ക് ഊഹിക്കാന്‍ സാധിക്കുമോ ? വര്‍ഷങ്ങളായി എനിക്ക് നേരെയുള്ള ആക്രമണങ്ങള്‍ എല്ലാ സാധ്യതകളെയും ഉപയോഗപ്പെടുത്തി അവര്‍ തുടരുകയാണ്. അവരുടെ രാഷ്ട്രീയവും വ്യക്തിപരവുമായ നേട്ടങ്ങള്‍ക്ക് വേണ്ടി അവര്‍ എനിക്ക് നേരെ കുറ്റം ചാര്‍ത്തിയപ്പോള്‍ മലിനമായത് മുഴുവന്‍ സംസ്ഥാനവും രാജ്യവുമാണ്, ഇതാണ് എന്നെ ഏറെ വേദനിപ്പിച്ചത്. ഇത് നീതിക്കായി പോരാടുന്ന ജനങ്ങളുടെ നീതി വൈകിപ്പിക്കുന്നതിനും കാരണാമായി. ദുരിതത്തിലായിരിക്കുന്ന ജനങ്ങള്‍ക്ക് അവര്‍ നല്‍കുന്ന അധിക വേദന എത്രയെന്ന് ഒരു പക്ഷെ അവര്‍ ഉള്‍ക്കൊണ്ടിരിക്കില്ല. എന്താണെങ്കിലും ഗുജറാത്ത് തനതായ ഒരു പാത തെരഞ്ഞെടുത്തു. അക്രമത്തിന് മേല്‍ ഞങ്ങള്‍ സമാധാനത്തെ തെരഞ്ഞെടുത്തു. അനൈക്യത്തിന് മേല്‍ ഞങ്ങള്‍ ഐക്യം തെരഞ്ഞെടുത്തു. വെറുപ്പിന് മേല്‍ ഞങ്ങള്‍ സൗമനസ്യം തെരഞ്ഞെടുത്തു. ഇത് എളുപ്പമായിരുന്നില്ല, എന്നാല്‍ മുന്നോട്ടുള്ള നേട്ടത്തിനുള്ള ദൃഢനിശ്ചയത്തിലായിരുന്നു ഞങ്ങള്‍. ദിനംപ്രതിയുള്ള അനിശ്ചിതത്വങ്ങളുടെയും ഭീതിയുടെയും ജീവിതത്തില്‍ നിന്നും, എന്റെ ഗുജറാത്ത് ശാന്തിയിലൂടെയും, ഏകതയിലൂടെയും സത്ഭാവനയിലൂടെയും ഒന്നായി തീര്‍ന്നു. ഉറപ്പുള്ളവനും സംതൃപ്തിയുള്ളവനുമാണ് ഞാനിപ്പോള്‍. അതിന് ഞാന്‍ ഒരോ ഗുജറാത്തിയോടും നന്ദി പറയുന്നു. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നടന്ന കലാപങ്ങളെ വെച്ച് നോക്കുമ്പോള്‍ കൂടുതല്‍ വേഗത്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ ഇടപെടലുകള്‍ നടത്തി. ഇന്നലത്തെ വിധിയോടെ സുപ്രീംകോടതിയുടെ നിരീക്ഷണത്തിലായിരുന്ന പ്രക്രിയക്ക് ഒരു അറുതി വരുത്തി. 12 വര്‍ഷം നീണ്ടു നിന്ന ഗുജറാത്തിലെ അഗ്നിക്ക് ശമനമായി. എനിക്ക് സ്വാതന്ത്ര്യവും സമാധാനവും അനുഭവപ്പെടുന്നു.
നുണകളുടെ ഇടയിലൂടെ കടന്ന പോയപ്പോഴും എനിക്കൊപ്പം നിലയുറപ്പിച്ച എല്ലാവരോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു. തെറ്റിദ്ധാരണയുടെ ഈ കാര്‍മേഘത്തിന്റെ മറ നീങ്ങിയതോടെ ശരിയായ നരേന്ദ്ര മോദിയെ തിരിച്ചറിയാനും ബന്ധപ്പെടാനും ആഗ്രഹിക്കുന്നവര്‍ക്ക് അത് പ്രചോദനമാകുമെന്ന് ഞാന്‍ കരുതുന്നു. മറ്റുള്ളവരില്‍ വേദനയുളവാക്കി സംതൃപ്തി അടയുന്നവര്‍ തങ്ങളുടെ പോരാട്ടം നിര്‍ത്തുമെന്ന് ഞാന്‍ കരുതുന്നില്ല. ഞാന്‍ അവരില്‍ നിന്ന് അത് പ്രതീക്ഷിക്കുന്നിമില്ല. എന്നാല്‍ എല്ലാ വിനയത്തോടെയും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു, ആറു കോടി ഗുജറാത്തികളെ മലിനമാക്കുന്ന നിരുത്തരവാദ പ്രചാരണങ്ങള്‍ ഇനിയെങ്കിലും അവസാനിപ്പിക്കണം. ദുരിതവും വേദനയും നിറഞ്ഞ ഈ യാത്രയില്‍ നിന്ന് പുറത്ത് വരുമ്പോള്‍ എന്റെ മനസ്സില്‍ കയ്‌പൊന്നും കടന്ന് കൂടരുതെയെന്നാണ് ദൈവത്തോടുള്ള എന്റെ പ്രാര്‍ത്ഥന. ഞാന്‍ ഈ വിധിയെ വ്യക്തിപരമായ വിജയമായോ പരാജയമായോ കാണുന്നല്ല, എന്നെ എതിര്‍ക്കുന്നവരോടും എന്റെ സുഹൃത്തുക്കളോടും എനിക്ക് പറയാനുള്ളതും അങ്ങനെ കാണരുതെന്നാണ്. 2011ല്‍ സുപ്രീംകോടതി വിധി വന്നപ്പോഴും എന്നെ നയിച്ചിരുന്നത് ഇതേ ആശയമാണ്. പോസിറ്റീവായിട്ടുള്ള വിധിയെ പുരോഗമനപരമായ പ്രവര്‍ത്തികളാക്കാനും ഐക്യം പുനസ്ഥാപിക്കാനുമാണ് സത്ഭാവനയ്ക്കായ് ഞാന്‍ നടത്തിയ 37 ദിവസത്തെ ഉപവാസം. ഏതൊരു സമൂഹത്തിന്റെയും സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും പുരോഗതി നിലകൊള്ളുന്നത് ഐക്യത്തിലാണെന്ന് എനിക്ക് ബോധ്യമുണ്ട്. പുരോഗമനവും സമ്പന്നതയും വളര്‍ത്തിയെടുക്കാനുള്ള ഏക തട്ടും ഇതാണ്. അതുകൊണ്ട് എല്ലാ മുഖങ്ങളിലും പുഞ്ചിരി വിരിയുന്നതിനായി കൈ കോര്‍ക്കാന്‍ ഞാന്‍ എല്ലാവരോടും ആഹ്വാനം ചെയ്യുന്നു
കടപ്പാട് : indiavisiontv.com
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ