ഭൂമിയിലെ ഏറ്റവും ഒറ്റപ്പെട്ട കുടുംബം
നാല്‍പത് കൊല്ലമാണ് ലൈക്കോവ് കുടുംബം ആരുമായും ബന്ധപ്പെടാതെ കഴിഞ്ഞുകൂടിയത്. ഒരു കുടുംബം ഇത്രയും കാലം പൂര്‍ണ്ണമായും ഒറ്റപ്പെട്ട് കഴിഞ്ഞത് ചരിത്രം. 1936ലാണ് ലൈക്കോവ് കുടുംബത്തിന്‍റെ ഏകാന്തവാസം തുടങ്ങുന്നത്. കാര്‍പ്പ് ലൈക്കോവിന്‍റെ സഹോദരന്‍ കമ്യൂണിസ്റ്റുകാരാല്‍ കൊല്ലപ്പെട്ടപ്പോഴാണ് ആരുമറിയാതെ, ദൂരെ ഒരിടത്തേക്ക് ഓടിപോകാന്‍ ലൈക്കോവും കുടുംബവും തീരുമാനിച്ചത്. അങ്ങനെ കാര്‍പ്പ് ലൈക്കോവും ഭാര്യ അകുലിനയും രണ്ട് മക്കളുംകൂടി പലായനം ചെയ്തു. ആരുമില്ലാത്ത ഒരിടത്തേക്ക് പോകാന്‍ മാത്രമാണ് ലൈക്കോവും ഭാര്യയും രണ്ട് മക്കളും ആഗ്രഹിച്ചത്. എത്തിപ്പെട്ടത് സൈബീരിയന്‍ മലനിരയില്‍….. അവര്‍ താമസിക്കാന്‍ കണ്ടെത്തിയ സ്ഥലത്തുനിന്ന് 260 കിലോമീറ്റര്‍ ദൂരയാണ് മനുഷ്യവാസമുള്ളത്. തെക്ക് പടിഞ്ഞാറന്‍ സൈബീരിയയിലെ അബാക്കന്‍ മലനിരകളിലാണ് ലൈക്കോവ് കുടുംബം വാസസ്ഥലം കണ്ടെത്തിയത്. 1978ലാണ് ഇവരെ കണ്ടെത്തിയത്. 1978ല്‍ ഭൂമിശാസ്ത്ര ഗവേഷകരോടൊപ്പം യാത്ര ചെയ്യുമ്പോള്‍ ഹെലികോപ്ടര്‍ പൈലറ്റാണ് ഇവരെ കണ്ടെത്തിയത്. ഭൂവിജ്ഞാനീയ ശാസ്ത്രജ്ഞര്‍ ഇവരെ സമീപിച്ചെങ്കിലും മലനിരയിലെ വാസസ്ഥലത്ത് താമസിക്കാന്‍ തന്നെയാണ് ലൈക്കോവ് കുടുംബം തീരുമാനിച്ചത്
പലായനം ചെയ്യുന്ന സമയത്ത് ലൈക്കോവ് കുടുംബത്തില്‍ നാലുപേരാണ് ഉണ്ടായിരുന്നത്. ഏകാന്തവാസത്തിന്‍റെ കാലത്താണ് ലൈക്കോവ് ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ടായത്. ഈ രണ്ടുപേര്‍ ഒരിക്കലും പുറംലോകം കണ്ടിട്ടില്ല. ഗവേഷണങ്ങള്‍ക്കായിട്ടാണ് ഭൂവിജ്ഞാനീയ ശാസ്ത്രജ്ഞര്‍ അബാക്കന്‍ മേഖലയില്‍ എത്തിയത്. അവര്‍ സഞ്ചരിച്ചിരുന്ന ഹെലികോപ്ടറിന് ലാന്‍റ് ചെയ്യാന്‍ പാകത്തിനുള്ള സ്ഥലം നോക്കുന്നതിനിടയിലാണ് മനുഷ്യവാസം ഉള്ളതിന്‍റെ സൂചനകള്‍ കണ്ടെത്തിയത്. ഹെലികോപ്ടര്‍ ലാന്‍റ് ചെയ്യിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പരിഭ്രാന്തരായി ഓടി മാറാന്‍ ശ്രമിക്കുന്നത് മനുഷ്യരാണെന്ന് കണ്ടെത്തിയത് അതിശയത്തോടെയാണെന്ന് ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തി. തങ്ങള്‍ ഇറങ്ങിയിടത്ത് മനുഷ്യവാസം ഉണ്ടെന്ന് ബോധ്യമായതോടെ തിരച്ചില്‍ നടത്താന്‍തന്നെ തീരുമാനിച്ചു. റഷ്യന്‍ സര്‍ക്കാരിന്‍റെ രേഖകള്‍ പ്രകാരം ഇവിടങ്ങളില്‍ മനുഷ്യവാസമില്ല. അവിടെയാണ് അഞ്ച് പേരടങ്ങുന്ന ഒരു കുടുംബത്തെ കണ്ടെത്തിയത്. ലൈക്കോവ് കുടുംബത്തെ ഭൂവിജ്ഞാനീയ ശാസ്ത്രജ്‍ഞര്‍ കണ്ടെത്തുന്നതിന് മുമ്പുതന്നെ കാര്‍പ്പ് ലൈക്കോവിന്‍റെ ഭാര്യ അകുലിന മരിച്ചിരുന്നു. തിരച്ചിലിനൊടുവില്‍ മരക്കൊമ്പുകള്‍കൊണ്ടും മറ്റും ഉണ്ടാക്കിയ വീട് കണ്ടെത്തി. ചാക്കുകൊണ്ട് ഉണ്ടാക്കിയ വസ്ത്രങ്ങള്‍ അണിഞ്ഞ മനുഷ്യരെയാണ് അവിടെ കണ്ടെത്തിയതെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കിയ ഗലിന പിസ്മേനക്യ പറഞ്ഞു. 1936നുശേഷം പുറംലോകവുമായി ബന്ധമില്ലാതെ ജീവിക്കുന്ന ലൈക്കോവ് കുടുംബം രണ്ടാംലോക മഹായുദ്ധം നടന്നതുപോലും അറിഞ്ഞിട്ടില്ല
തങ്ങളെ തിരഞ്ഞെത്തിയവരില്‍ നിന്നുള്ള എല്ലാ സമ്മാനങ്ങളും നിഷേധിക്കുന്ന ലൈക്കോവ് കുടുംബത്തിനെയാണ് ശാസ്ത്രസംഘം കണ്ടത്. ജാം, ചായ, ബ്രെഡ് എന്നിവ ഉള്‍പ്പെടെ എല്ലാം ലൈക്കോവ് കുടുംബാംഗങ്ങള്‍ നിഷേധിച്ചു. എല്ലാവരില്‍നിന്ന് ഒറ്റപ്പെട്ട് കഴിഞ്ഞ ഇവരുടെ ഭാഷപോലും മാറിപ്പോയിരുന്നു. റഷ്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചിലെ പഴയ വിശ്വാസ സമൂഹത്തിന്‍റെ അംഗമായിരുന്നു കാര്‍പ്പ് ലൈക്കോവ്. എന്നാല്‍ പീറ്റര്‍ രാജാവിന്‍റെ കാലത്ത് ക്രിസ്ത്യാനികള്‍ക്കെതിരെ രൂക്ഷമായ ആക്രമണമാണ് ഉണ്ടായത്. പഴയ വിശ്വാസ സമൂഹത്തിലെ അംഗങ്ങളെ വിചാരണക്ക് വിധേയമാക്കാനും രാജാവ് ഉത്തരവിട്ടു. ബോള്‍ഷെവിക്കുകള്‍ അധികാരത്തിലെത്തിയതോടെയാണ് പഴയ വിശ്വാസ സമൂഹാഗംങ്ങളുടെ കഷ്ടകാലം തുടങ്ങിയത്. കമ്യൂണിസ്റ്റുകാരുടെ പീഡനങ്ങള്‍ക്കിടയിലാണ് കാര്‍പ്പിന്‍റെ സഹോദരന്‍ വെടിയേറ്റ് കൊല്ലപ്പെടുന്നത്. അതോടെ നാട് വിട്ട് ഓടിപ്പോകാന്‍ ലൈക്കോവ് കുടുംബം തീരുമാനിച്ചു. അക്രമങ്ങളില്‍ ഒളിച്ചോടിയാണ് ലൈക്കോവും കുടുംബവും ആരുമെത്തി നോക്കാത്ത അബാക്കന്‍ മലനിരകളില്‍ എത്തിയത്. കാര്‍പ്പ് ലൈക്കോവിന്‍റെ മക്കള്‍ക്ക് ഒരുപാട് മനുഷ്യവാസമുള്ള നഗരങ്ങളുണ്ടെന്ന് അറിയാം. എന്നാല്‍ ഇതുവരെ ആരുമത് കണ്ടിട്ടില്ല. റഷ്യ അല്ലാതെ വേറെ രാജ്യങ്ങളുണ്ടെന്നും മക്കള്‍ക്കറിയാം. വലിയ കെട്ടിടങ്ങളില്‍ മനുഷ്യര്‍ താമസിക്കുന്ന നഗരങ്ങള്‍ ഉണ്ടെങ്കിലും ഇതുവരെ പോകാന്‍ തോന്നിയിട്ടില്ലെന്നാണ് കാര്‍പ്പ് ലൈക്കോവിന്‍റെ മക്കള്‍ പറഞ്ഞത്. ബൈബിള്‍ മാത്രമാണ് ഇവര്‍ വായിച്ചിട്ടുള്ള പുസ്തകം. അതേസമയം അകുലിന മക്കളെ നാലുപേരെയും എഴുതാനും വായിക്കാനും പഠിപ്പിച്ചിരുന്നു. കാര്‍പ്പ് 1988ല്‍ മരിച്ചു. മക്കളായ സാവിനും നതാലിയയും ദിമിത്രയും 81ലും മരിച്ചു. അതോടെ മകള്‍ അഗാഫിയ മാത്രമായി. എന്നിട്ടും ഏകാന്തവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകാന്‍ അഗാഫിയ തയ്യാറായില്ല. റഷ്യന്‍ മാധ്യമ പ്രവര്‍ത്തകന്‍ വാസിലി പെസ്കോവാണ് ഇവരുടെ കഥ പുറംലോകത്തേക്ക് എത്തിച്ചത്. ഇവരുടെ പുറംലോകത്ത് എത്തിയതോടെ ഡോക്യുമെന്‍ററി എടുക്കാനും ഫീച്ചറുകള്‍ എഴുതാനും മാധ്യമ പ്രവര്‍ത്തകരും സംഘവും സൈബീരിയന്‍ കാട്ടിലെത്തി. അങ്ങനെയാണ് ഇന്നീ കാണുന്ന മട്ടിലുള്ള വസ്ത്രങ്ങളും മറ്റും ലൈക്കോവ് കുടുംബത്തിന് ലഭിക്കുന്നത്
കടപ്പാട്: indiavisiontv.com
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ