2014, ജൂൺ 24, ചൊവ്വാഴ്ച

സ്മാര്‍ട്ട്‌ഫോണ്‍ മോഷ്ടാക്കള്‍ വായിക്കുവാന്‍

SreejithSree | 6:49 AM


മൊബൈല്‍ഫോണിന്റെ വിപണി അസ്തമിച്ചു തുടങ്ങി കഴിഞ്ഞു.പേരിനുമാത്രമാണ് ഇപ്പോള്‍ മിക്ക കമ്പനികളും മൊബൈല്‍ഫോണ്‍ വിപണയില്‍ ഇറക്കുന്നത്.കുറച്ചുകാലം കഴിയുമ്പോള്‍ മൊബൈല്‍ഫോണ്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കപ്പെടും എന്നാണ് വിപണയില്‍ നിന്നുള്ള സൂചന .

മൊബൈല്‍ഫോണിനു പകരം ഏവര്‍ക്കും ഇപ്പോള്‍ ആവശ്യം സ്മാര്‍ട്ട്‌ഫോണുകളാണ് .നാലായിരം രൂപ മുതല്‍ അന്‍പതിനായിരം രൂപവരെയുള്ള വലുതും ചെറുതുമായ കമ്പനികളുടെ സ്മാര്‍ട്ട് ഫോണുകള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ് .ആപ്പിള്‍ ,സാംസങ്ങ് , നോക്കിയ,സോണി തുടങ്ങിയ കമ്പനികളുടെ ഫോണുകള്‍ക്ക് പുറമേ ഇന്ത്യന്‍ കമ്പനികളായ ലാവ,സ്പൈസ് ,മൈക്രോമാക്സ് ,കാര്‍ബണ്‍ തുടങ്ങിയ കമ്പനികളുടെ സ്മാര്‍ട്ട്‌ഫോണുകള്‍ക്കും വിപണയില്‍ നല്ല ഡിമാന്റ് ആണ് .എന്നാല്‍ ഫോണ്‍ വാങ്ങുന്നതിലല്ല അത് സൂക്ഷിക്കുവാനാണ് ഏറ്റവും പ്രയാസം .തറയില്‍ വീഴുന്നതും ,വെള്ളം നനയുന്നതും ഒരു മുഖ്യപ്രശനമാണ് .അതുപോലെതന്നെ ഏറ്റവും പേടിക്കേണ്ടത് ഫോണുകള്‍ മോഷണം പോകുന്നതും ,കൈമോശം സംഭവിക്കുന്നതുമാണ് .

ഒരിക്കല്‍ കൈമോശം വന്നാല്‍ പിന്നെ ഒരിക്കലും തിരിച്ചു ലഭിയ്ക്കില്ല എന്നതാണ് ഏറ്റവും വലിയ പ്രശ്നം.എന്നാല്‍ അത്തരം പേടിയുള്ളവര്‍ക്ക് ആശ്വാസമാകുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിയ്ക്കുന്നത് . സ്മാര്‍ട്ട്‌ഫോണുകളില്‍ 'മരണസ്വിച്ച്' അഥവാ 'kill switch' ഉള്‍പ്പെടുത്താന്‍ മൈക്രോസോഫ്റ്റും ഗൂഗിളും സമ്മതിച്ചു. ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഒഎസിലും മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഫോണ്‍ പ്ലാറ്റ്‌ഫോമിലും ഈ ഫീച്ചര്‍ ഉള്‍പ്പെടുത്തും എന്നാണ് അറിയുന്നത് . എന്നാല്‍ ആപ്പിള്‍ ഐഫോണുകളില്‍ കഴിഞ്ഞ വര്‍ഷം തന്നെ ഈ ഫീച്ചര്‍ എത്തിയിരുന്നു. മോഷ്ടിക്കപ്പെട്ട, അല്ലെങ്കില്‍ നഷ്ടപ്പെട്ട സ്മാര്‍ട്ട്‌ഫോണ്‍ പൂര്‍ണമായും ഉപയോഗശൂന്യമാക്കാന്‍ സഹായിക്കുന്ന ഫീച്ചറാണ് 'മരണസ്വിച്ച്'. ദൂരെയിരുന്ന് ഈ ഫീച്ചര്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ, മോഷ്ടിക്കപ്പെട്ട മൊബൈല്‍ ഫോണ്‍ വെറും പേപ്പര്‍ വെയ്റ്റ് മാത്രമാകും! ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ എറിക് ഷ്‌നീഡര്‍മാന്‍ മുന്‍കൈയെടുത്ത് നടത്തുന്ന 'സെക്യൂര്‍ അവര്‍ സ്മാര്‍ട്ട്‌ഫോണ്‍' പദ്ധതിയുടെ ഭാഗമായാണ്, മൈക്രോസോഫ്റ്റും ഗൂഗിളുമായി ഇക്കാര്യത്തില്‍ ധാരണയുണ്ടാക്കിയത്. 

ഷ്‌നീഡര്‍മാന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍, ഗൂഗിളും മൈക്രോസോഫ്റ്റും തങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ പ്ലാറ്റ്‌ഫോമുകളില്‍ എപ്പോഴായിരിക്കും മരണസ്വിച്ച് ഫീച്ചര്‍ ഉള്‍പ്പെടുത്തുക എന്ന് വ്യക്തമല്ല. സ്മാര്‍ട്ട്‌ഫോണ്‍ മോഷണം ഒരു ആഗോളപ്രശ്‌നമായി വളര്‍ന്നിരിക്കുന്നു എന്നാണ് യു.എസ്.അധികൃതരുടെ വിലയിരുത്തല്‍. അമേരിക്കയില്‍ 2012 ല്‍ മോഷണം പോയ സ്മാര്‍ട്ട്‌ഫോണുകളുടെ ഇരട്ടിയെണ്ണം 2013 ല്‍ മോഷ്ടിക്കപ്പെട്ടു. യൂറോപ്പില്‍ മൂന്നിലൊന്ന് പേര്‍ മൊബൈല്‍ മോഷണത്തിനോ, മൊബൈല്‍ നഷ്ടപ്പെടലിനോ ഇരയാകുന്നവരാണ്. 2009-2012 കാലയളവില്‍ ദക്ഷിണകൊറിയയില്‍ സ്മാര്‍ട്ട്‌ഫോണ്‍ മോഷണം അഞ്ചിരട്ടിയായി. കൊളംബിയയിലെ കുറ്റവാളികള്‍ 2013 ല്‍ മാത്രം തട്ടിയെടുത്തത് പത്തുലക്ഷത്തിലേറെ മൊബൈലുകളാണ്. ഈ പശ്ചാത്തലത്തിലാണ് സ്മാര്‍ട്ട്‌ഫോണ്‍ മോഷണം തടയാനുള്ള പ്രായോഗിക നടപടികളുമായി യു.എസ്.അധികൃതര്‍ മുന്നോട്ടുവന്നത്. 'ആക്ടിവേഷന്‍ ലോക്ക്' ( Activation Lock ) എന്ന പേരില്‍ മരണസ്വിച്ച് ഫീച്ചര്‍ കഴിഞ്ഞ സപ്തംബറില്‍ 'ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റം 7' ല്‍ ( iOS7 ) ആപ്പിള്‍ ഉള്‍പ്പെടുത്തുകയുണ്ടായി. 

അതിന് ശേഷം ഐഫോണ്‍ മോഷണം കാര്യമായി കുറഞ്ഞെന്ന് അറ്റോര്‍ണി ജനറല്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നു. റിപ്പോര്‍ട്ട് പ്രകാരം 2014 ലെ ആദ്യ അഞ്ച് മാസക്കാലം ന്യൂയോര്‍ക്ക് നഗരത്തില്‍ ഐഫോണ്‍ മോഷണം 17 ശതമാനം കുറഞ്ഞു. ലണ്ടനില്‍ 24 ശതമാനവും സാന്‍ ഫ്രാന്‍സിസ്‌കോയില്‍ 38 ശതമാനവും ഐഫോണ്‍ മോഷണത്തില്‍ കുറവുണ്ടായി. ഈ കാലയളവില്‍ സാംസങിന്റേതുള്‍പ്പടെ മറ്റ് ഫോണുകളുടെ മോഷണം വര്‍ധിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. സ്മാര്‍ട്ട്‌ഫോണുകളില്‍ മരണസ്വിച്ച് ഉള്‍പ്പെടുത്തുന്നതിനെ എതിര്‍ക്കുന്നവരുമുണ്ട്. സ്മാര്‍ട്ട്‌ഫോണ്‍ മോഷണത്തിനുള്ള മറുപടി മരണസ്വിച്ച് അല്ലെന്ന്, അമേരിക്കയില്‍ ടെലികമ്മ്യൂണിക്കേഷന്‍ വ്യവസായമേഖലയെ പ്രതിനിധീകരിക്കുന്ന സി.ഐ.ടി.എ. ( CITA ) വാദിക്കുന്നു. സൈബര്‍ ക്രിമിനലുകള്‍ക്ക് മരണസ്വിച്ച് അക്ടിവേറ്റ് ചെയ്യാന്‍ കഴിഞ്ഞാല്‍ അത് വലിയൊരു ഭീഷണിയായി മാറുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

മാത്രമല്ല, മരണസ്വിച്ചിന്റെ സിഗ്നല്‍, ഫോണ്‍ ഓഫായിരിക്കുമ്പോഴും എയര്‍പ്ലെയ്ന്‍ മോഡിലായിരിക്കുമ്പോഴും ഫോണില്‍ എത്തിക്കൊള്ളണം എന്നില്ലെന്ന് വാദിക്കുന്നവരുമുണ്ട്. ഏതായാലും, ഗൂഗിളും മൈക്രോസോഫ്റ്റും ഈ ഫീച്ചര്‍ അംഗീകരിച്ചതോടെ, ബഹുഭൂരിപക്ഷം സ്മാര്‍ട്ട്‌ഫോണുകളിലും മരണസ്വിച്ച് ഇനി ഉണ്ടാകുമെന്ന് ഉറപ്പായി.

കടപ്പാട്:http://eastcoastdaily.com/

Share it →

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായം

Comment Box is loading comments...
Powered by Blog - Widget

ദൈവത്തിന്‍റെ വികൃതികള്‍ © 2014 | Powered By Blogger

Distributed By Free Blogger Templates | Designed By Windroidclub