പ്രണയത്തിനുമുന്‍പില്‍ വഴിമാറിയ മരണം
ന്യൂയോര്‍ക്ക്: പ്രണയത്തിന്റെ ഉച്ചസ്ഥായിയില്‍ നില്‍ക്കുമ്പോള്‍ അവന്‍ ആ വിവരം അറിഞ്ഞത്. പ്രിയപ്പെട്ടവള്‍ മാരകമായ കാന്‍സര്‍ രോഗിയാണ്. ആശുപത്രിയില്‍ നിന്ന് റിപ്പോര്‍ട്ടുമായി പുറത്തിറങ്ങുമ്പോള്‍, അവന്‍ അവളോട് പറഞ്ഞു, ഞാന്‍ നിന്നെ തിരിച്ചു കൊണ്ടു വരും. ആ വാക്ക് പാലിക്കപ്പെടുകയാണ്. കൂടെ നിന്ന് ശുശ്രൂഷിച്ചും സ്നേഹം കൊണ്ട് മുറിവുണക്കിയും കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം, നാലാമത്തെ ശസ്ത്രക്രിയയും കഴിഞ്ഞ്, നടക്കാന്‍ പോലുമാവാതെ ആശുപത്രിയില്‍നിന്ന് പുറത്തിറങ്ങിയ അവളെ അവന്‍ മിന്നു ചാര്‍ത്തി. സ്നേഹത്തിന്റെ മാത്രം കരുത്തില്‍ അവള്‍ ഡോക്ടര്‍മാരെ പോലും അമ്പരപ്പിച്ച് ജീവിതത്തിലേക്ക് തിരിച്ചു വരികയാണ്.
ഇത്, അമേരിക്കയിലെ വിര്‍ജിന്‍ ഐലന്റിലെ സെന്റ് ജോണ്‍ നഗരത്തില്‍ ജീവിക്കുന്ന രണ്ട് പേരുടെ ജീവിതമാണ്. നതാന്‍ ലാസര്‍ എന്ന ചെറുപ്പക്കാരന്റെയും മാരി മക്കിന്‍സ്ട്രി എന്ന യുവതിയുടെയും അസാധാരണമായ പ്രണയത്തിന്റെ കഥ. കഴിഞ്ഞ ദിവസമായിരുന്നു അവരുടെ മനോഹരമായ വിവാഹ ചടങ്ങ്.
ഒരു മാസം മുമ്പാണ് മാരി തന്റെ ഏഴ് ശസ്ത്രക്രിയകളില്‍ നാലാമത്തേതിന് വിധേയമായത്. ശസ്ത്രക്രിയക്കു ശേഷം അക്ഷരാര്‍ത്ഥത്തില്‍ അവള്‍ക്ക് നടക്കാനേ കഴിയുന്നുണ്ടായിരുന്നില്ല. വിവാഹത്തിന് രണ്ടാഴ്ച മുമ്പാണ് ചികില്‍സയിലൂടെ അവള്‍ പതിയെ തന്റെ തളര്‍ച്ച മറികടന്നത്. എങ്ങനെയാവും അവള്‍ വിവാഹത്തിന് എത്തുകയെന്ന് എല്ലാവര്‍ക്കും സംശയമുണ്ടായിരുന്നു. എങ്കിലും അവള്‍ വന്നു, എല്ലാം മറന്ന് ഉന്‍മേഷത്തോടെ.
വര്‍ഷങ്ങള്‍ക്കു മുമ്പാണ് നതാനും മാരിയും പ്രണയത്തിലായത്. നതാന്റെ പേഴ്സണല്‍ ട്രെയിനറായിരുന്നു മാരി അന്ന്. അത് പിന്നെ പ്രണയത്തിലേക്ക് വഴി മാറി. 2012ലാണ്, വിവാഹിതരാവാനുള്ള തീരുമാനത്തിന് തൊട്ടു മുമ്പ്, അവള്‍ മസ്തിഷ്ക അര്‍ബുദ രോഗിയാണെന്ന് തിരിച്ചറിഞ്ഞത്. എല്ലാവരും തളര്‍ന്നപ്പോള്‍ നതാന്‍ മാത്രം തളര്‍ന്നില്ല. അയാള്‍ അവളെ എല്ലാ അര്‍ത്ഥത്തിലും പിന്തുണച്ചു. ആശുപത്രികളില്‍നിന്ന് ആശുപത്രികളിലേക്ക് അവളെ കൊണ്ടു പോയി. കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും നല്ല ചികില്‍സ കിട്ടാന്‍ പരിശ്രമിച്ചു. ഐ.സി.യുവില്‍ അവള്‍ കിടക്കുമ്പോള്‍ നതാന്‍ അവള്‍ക്ക് തൊട്ടരികെ ഉറങ്ങാതെ കാവലിരുന്നു. മാരിയുടെ ശുശ്രൂഷയ്ക്ക് വേണ്ടിയാണ് ദൈവം തന്നെ സൃഷ്ടിച്ചതെന്നു പലപ്പോഴും അയാള്‍ പറഞ്ഞു. ഈ സ്നേഹവും പരിഗണനയുമാണ് മാരിയെ രോഗത്തില്‍നിന്ന് രക്ഷപ്പെടാന്‍ സഹായിച്ചതെന്ന് ഡോക്ടര്‍മാര്‍ തന്നെ പറയുന്നു.
അവരുടെ വിവാഹ ഫോട്ടോകളില്‍ ചിലത്.
കടപ്പാട്: asianetnews.tv
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ