2015, ഏപ്രിൽ 4, ശനിയാഴ്‌ച

ഇന്ധനടാങ്കില്‍ ശ്വാസം മുട്ടി 24 മണിക്കൂര്‍

SreejithSree | 11:04 AM

ഇന്ധനടാങ്കില്‍ ശ്വാസം മുട്ടി 24 മണിക്കൂര്‍

ലോകത്ത് പലഭാഗങ്ങളിലും ആഭ്യന്തരയുദ്ധങ്ങള്‍ കലശലാവുമ്പോള്‍ സ്വന്തം നാടും വീടും പിടിക്കാന്‍ നൊട്ടോട്ടമോടുന്ന അഭയാര്‍ത്ഥികള്‍ക്ക് പറയാനുള്ളതായിരിക്കും ഏറ്റവും ദൈന്യതയേറിയ കഥകള്‍. തോക്കിന്‍ മുനയില്‍ മരണം നേരില്‍ കാണുന്നതിന്റെ... നാട്ടിലുള്ള ഉറ്റവരുടെ സമീപത്തെത്താനുള്ള അടങ്ങാത്ത കൊതിയുടെ... കൈയ്യിലെ അവസാന തുട്ടും അവസാനിക്കുമ്പോള്‍ ഒരു രക്ഷകന്‍ അവതരിച്ചിരുന്നുവെങ്കിലെന്നുള്ള അദമ്യമായ അഗ്രഹത്തിന്റെ കഥകള്‍. സ്വന്തം രാജ്യത്തെത്താന്‍ ഒരു ലോറിയുടെ ഇന്ധനടാങ്കില്‍ 24 മണിക്കൂര്‍ കഴിഞ്ഞ ശ്വാസം നിലക്കുന്ന അനുഭവമാണ് സിറിയയിലെ ആഭ്യന്തര യുദ്ധക്കളത്തില്‍ നിന്ന് രക്ഷപ്പെട്ട സയിദിനും അനാസിനും ബാദിക്കും പറയാനുള്ളത്. പ്രതിക്ഷയെല്ലാം അവസാനിച്ച അവസരത്തില്‍ ജീവിക്കണമെന്നും നാട്ടിലെത്തണമെന്നുമുള്ള തീവ്രമായ ആഗ്രഹം അതിജീവനമായതിന്റെ കഥ.

സിറിയയില്‍ നിന്നും തുര്‍ക്കിയിലേക്ക് മടങ്ങാനുള്ള ശ്രമത്തിനിടെ ഗ്രീസിലാണ് ഇവരുടെ കഥയാരംഭിക്കുന്നത്. ഗ്രീസില്‍ കഷ്ടപ്പെട്ട് സംഘടിപ്പിച്ച ഒരു ഫ് ളാറ്റായിരുന്നു ഇവരുടെ വാസസ്ഥലം. അവശ്യരേഖകള്‍ ഇല്ലാത്തതിനാല്‍ നേര്‍വഴിക്ക് ഇവിടെ നിന്നും രക്ഷപ്പെടുക ഇവര്‍ക്ക് അസാധ്യമായിരുന്നു. കൂടാതെ പോലീസിന്റെ നിരന്തരമായ പരിശോധനകളും; രേഖകള്‍ ആവശ്യപ്പെട്ടുള്ള നിരന്തരമായ ചോദ്യം ചെയ്യലുകളും ഇവരെ വേട്ടയാടിക്കൊണ്ടിരുന്നു.

നാട്ടില്‍ കാത്തിരിക്കുന്ന ഉറ്റവരുടെ ഓര്‍മകള്‍ നാട്ടിലേക്ക് എന്തെങ്കിലുമൊരു മാര്‍ഗം തുറക്കുമെന്നുള്ള പ്രതീക്ഷക്ക് കരുത്തേകി. പണം കണ്ടെത്താന്‍ ഒരു ജോലിയില്ലാതെ; അതിജീവനത്തിന് യാതൊരു മാര്‍ഗ്ഗവുമില്ലാതെ ദിനങ്ങള്‍ തള്ളിനീക്കിക്കൊണ്ടിരുന്ന അവര്‍ക്ക് ചില അറബികളും കുര്‍ദ്ദുകളുമാണ് സാധ്യമായ ചില രക്ഷാമാര്‍ഗങ്ങള്‍ പറഞ്ഞുകൊടുത്തത്. വിമാനത്തിലും, ബോട്ടിലുമെന്ന് വേണ്ട ലോറിയുടെ ഇന്ധന ടാങ്കില്‍ വരെ അഭയാര്‍ത്ഥികളെ രക്ഷപ്പെടുത്തിയ കഥകള്‍ അവര്‍ക്ക് പറയാനുണ്ടായിരുന്നു.

വിമാനത്തിലും ബോട്ടിലുമൊക്കെ രക്ഷപ്പെടാനുള്ള എല്ലാ അവസരവും അടഞ്ഞ സാഹചര്യത്തിലാണ് ലോറിയുടെ ഇന്ധന ടാങ്കില്‍ കയറിക്കൂടുന്നതിനെപ്പറ്റി അവരാലോചിക്കുന്നത്. ഇന്ധനടാങ്കില്‍ രക്ഷപ്പെടുന്നത് അസാധ്യമല്ലെങ്കിലും നാട്ടിലെത്തുമ്പോഴേക്കും ചിലപ്പോള്‍ ടാങ്ക് നിങ്ങള്‍ക്ക് ശവമഞ്ചമായി തീര്‍ന്നിട്ടുണ്ടാവുമെന്ന ഉപദേശമാണ് അറബികളും കുര്‍ദ്ദുകളും നല്‍കിയത്. മരിച്ചാലും കുഴപ്പമില്ല നാട്ടിലെത്തുക തന്നെയെന്നവര്‍ തീര്‍ച്ചപ്പെടുത്തി.

ഒമാനി സ്‌ക്വയറിനടുത്ത് ഇന്റര്‍നെറ്റ് കഫെ നടത്തുന്ന ഒരു ഈജിപ്ഷ്യനാണ് അവര്‍ക്ക് രക്ഷപ്പെടാനുള്ള ലോറി കാണിച്ചുകൊടുക്കുന്നത്. പലതരം കള്ളക്കടത്തുകള്‍ക്കും കേന്ദ്രമായിരുന്നു ആ ഈജിപ്ഷ്യന്‍ നടത്തുന്ന കഫെ. ഇന്റര്‍നെറ്റിലുടെ സംസാരിക്കുന്നവരുടെ സംഭാഷണം ചോര്‍ത്തി വായിക്കുക വഴി ഫ്രാന്‍സിലേക്കും ഇറ്റലിയിലേക്കും കടക്കാന്‍ ശ്രമിക്കുന്നവരുടെ വിവരങ്ങള്‍ അറിഞ്ഞശേഷം അവരെ സഹായിക്കുക വഴിയാണ് അയാള്‍ വലിയൊരു തുക കണ്ടെത്തിയിരുന്നത്. ആളൊന്നിന് 5000 യൂറോ നല്‍കിയാല്‍ അവരെ മിലാനിലെത്തിക്കാമെന്ന് ഈജിപ്ഷ്യന്‍ ഏറ്റു. ലോറിയുടെ റിസര്‍വ് ആയി ഉപയോഗിക്കുന്ന രണ്ടാമത്തെ ടാങ്കില്‍ കയറിക്കൂടണമെന്നായിരുന്നു ആകെയുള്ള നിബന്ധന. കൈയ്യിലുള്ള പണം എണ്ണിപ്പെറുക്കി പറഞ്ഞ തുക അവരയാള്‍ക്ക് നല്‍കി.

ഏഥന്‍സില്‍ നിന്നും ഒരു ഇറാഖി പൗരനോടൊപ്പം ടാക്‌സിയിലാണ് ലക്ഷ്യമുറപ്പില്ലാത്ത ആ യാത്ര ആരംഭിക്കുന്നത്. തീരപ്രദേശമായ തെസ്സലോണിക്കിക്ക് സമീപത്തുള്ള ഒരു ഗോഡൗണിലേക്കാണ് ടാക്‌സി പോയത്. ഗോഡൗണില്‍ ഒളിപ്പിച്ച നിലയിലായിരുന്നു അവര്‍ക്ക് കയറാനുണ്ടായിരുന്ന ലോറി. കാര്‍ ഉള്ളില്‍ കടന്നപ്പോള്‍ തന്നെ ഗോഡൗണിന്റെ ഷട്ടര്‍ അടഞ്ഞു. പിന്നെ എന്താണ് സംഭവിക്കുകയെന്ന് അറിയാത്ത ഇരുണ്ട മണിക്കൂറുകള്‍. ഒടുവില്‍ ലോറിക്കടിയിലൂടെ ഇന്ധനടാങ്കിലേക്കുള്ള വഴി തുറന്നു. ആക്‌സിലിനടിയിലൂടെ നൂണ്ട് കടന്നു വേണം ടാങ്കിനകത്തു കയറാന്‍. ടാങ്കിന്റെ ചെറിയ വാതില്‍ കണ്ടപ്പോള്‍ തന്നെ അതവര്‍ക്ക് ശവമഞ്ചമാവുമെന്ന് ഏറെക്കുറെ ഉറപ്പായി.

മരണത്തെ വെല്ലുവിളിച്ച് അകത്തുകയറുക മാത്രമായിരുന്നു ഏകമാര്‍ഗം. തങ്ങള്‍ അകത്തുകയറി ഇന്ധനടാങ്ക് അടച്ച് അല്‍പ്പസമയത്തിനുള്ളില്‍ തന്നെ ലോറി ഓടിത്തുടങ്ങി. ടാങ്കിനകത്ത് ശ്വാസം മുട്ടിതുടങ്ങിയപ്പോള്‍ ഒരുമണിക്കുറിനകം തന്നെ ജീവന്‍ പോവുമെന്ന് ഏതാണ്ട് ഉറപ്പായി. കനത്ത ചൂടും ഡീസലിന്റെ മണവും അസഹ്യമായിരുന്നു. ശ്വാസംമുട്ടല്‍ സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ അനാസ് അലറിക്കരയാന്‍ തുടങ്ങി. കരച്ചില്‍ കേട്ട് ഡ്രൈവര്‍ വണ്ടി നിര്‍ത്തി. നാല്‌പേര്‍ക്കും ആ ടാങ്കില്‍ യാത്രതുടരാനാവില്ലെന്ന് കണ്ട ഇറാഖി പൗരന്‍ ഏഥന്‍സിലേക്ക് തിരിച്ചുപോവാന്‍ തീരുമാനിച്ചു. ബാക്കി മൂന്ന് പേരും എന്തും സഹിച്ച് യാത്രതുടരാനും.

5000 യൂറോ നഷ്ടമാവുന്നതിന്റെ ദു:ഖം ഡ്രൈവറുടെ മുഖത്ത് നിന്ന് വായിക്കാന്‍ കഴിഞ്ഞു. പക്ഷെ നാല് ശവശരീരങ്ങള്‍ക്ക് ഉത്തരം പറയാന്‍ മടിയുള്ളതിനാലാവും ഡ്രൈവര്‍ അതിന് സമ്മതിച്ചു. പക്ഷെ യാത്രതുടരണമെങ്കില്‍ ബാക്കിയുള്ളവര്‍ ഒരോരുത്തരം 500 യൂറോ വീതം നല്‍കണമെന്ന് അയാള്‍ ശഠിച്ചു. വഴങ്ങുകയല്ലാതെ വെറെ വഴിയുണ്ടായിരുന്നില്ല. വീണ്ടും ലോറി യാത്ര തുടര്‍ന്നു. ചൂടുകൂടും തോറും ഇന്ധനടാങ്കിന്റെ അടിത്തട്ടിലുണ്ടായിരുന്ന റബര്‍ഷീറ്റ് ഉരുകി അവരുടെ ശരീരത്തോട് ഒട്ടിചേര്‍ന്നു കൊണ്ടിരുന്നു. ശ്വസിക്കാന്‍ ആകെയുണ്ടായിരുന്നത് പ്ലാസ്റ്റിക്ക് ഉരുകിയ മണവും ചൂടായ ഡിസലില്‍ നിന്ന് ഉയരുന്ന പുകയും മാത്രം. അതിനിടെ സയിദിന് കലശലായ മൂത്രശങ്ക തുടങ്ങി. മറ്റുപോംവഴികളൊന്നുമില്ലാത്തതിനാല്‍ കൈയ്യിലുണ്ടായിരുന്ന പെപ്‌സിയുടെ ബോട്ടിലില്‍ കാര്യം സാധിച്ചു. ബോട്ടില്‍ പുറത്തേക്ക് കളയാന്‍ ശ്രമിച്ചപ്പോള്‍ ടാങ്കിലും മൂത്രം പടര്‍ന്നൊഴുകി. പിന്നെയതിനുള്ളില്‍ കഴിയുക മുമ്പത്തേക്കാള്‍ ബുദ്ധിമുട്ടായി. യാത്ര അവസാനിക്കാറാവുമ്പോഴേക്കും സയിദിന്റെ ബോധം നഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. കടുത്ത ശരീരവേദനയും അനുഭവപ്പെട്ടതോടെ സയിദ് പൊട്ടിക്കരയാന്‍ തുടങ്ങി.

പെട്ടെന്ന് ലോറിയുടെ എന്‍ജിന്‍ നിന്നു. വഴിയില്‍ ലോറി ഒരു ബോട്ടിലേക്ക് കയറ്റുകയാണെന്ന് മനസ്സിലായി. പിന്നെ ബോട്ടിന്റെ എന്‍ജിന്റെ ശബ്ദം മാത്രമേ കേള്‍ക്കാന്‍ ഉണ്ടായിരുന്നുള്ളു. ശ്വാസംമുട്ടല്‍ ഏറിയതോടെ അടുത്ത നിമിഷത്തില്‍ മരിച്ചുപോവുമെന്ന് മൂവര്‍ക്കും തോന്നി. സയിദ് തന്റെ മൊബൈലില്‍ സൂക്ഷിച്ചിട്ടുള്ള കുടുംബത്തിന്റെ ചിത്രങ്ങളെടുത്തു നോക്കി. ഭാര്യയുടെയും കൊച്ചുമക്കളുടെയും ചിത്രങ്ങള്‍ ജീവിക്കാനുള്ള ആഗ്രഹത്തിന് കൂടുതല്‍ ശക്തിനല്‍കി. സയിദിന് രണ്ട് പെണ്‍കുട്ടികളാണുള്ളത്. അവരെ ഒരുനോക്കു കാണാന്‍ വേണ്ടി മാത്രമാണ് സയിദ് ആ ടാങ്കില്‍ കയറിപ്പറ്റിയത് തന്നെ. താനിതില്‍ കിടന്ന് മരിച്ചാല്‍ അവരെങ്ങനെ ജീവിക്കുമെന്ന ചിന്ത മനസ്സിനെയും തളര്‍ത്തിതുടങ്ങി. സയിദിന്റെ ഭാര്യ ഗര്‍ഭിണിയുമായിരുന്നു. മൂന്നാമത് പിറക്കാന്‍ പോകുന്ന കുഞ്ഞിനെ കാണണമെന്ന ആഗ്രഹം സയിദിന് ഊര്‍ജ്ജം പകര്‍ന്നുകൊണ്ടിരുന്നു..

കുറച്ച് കഴിഞ്ഞപ്പോള്‍ ഫോണിലെ ബാറ്ററിയും തീര്‍ന്നു. അല്‍പ്പസമയത്തിന് ശേഷം ബോട്ടില്‍ നിന്നിറക്കിയ ലോറിയുടെ എന്‍ജിന്‍ വീണ്ടും സ്റ്റാര്‍ട്ടായി. വളരെ പുതുക്കെയായിരുന്നു പിന്നീടുള്ള യാത്ര. ബോണ്‍ജിയോര്‍ണോ ഗ്രാസി! പ്രൊഗോ ഗ്രാസി! ഈ ശബ്ദമാണ് മരണത്തിന്റെ കാണാക്കയത്തില്‍ നിന്നും പിന്നീടിവരെ വിളിച്ചുണര്‍ത്തുന്നത്. ഇറ്റാലിയനില്‍ ആരോ സുപ്രഭാതം ആശംസിക്കുന്ന ശബ്ദമായിരുന്നു അത്. തങ്ങള്‍ ഗ്രീസില്‍ നിന്ന് ഇറ്റലിയിലെത്തി എന്നവര്‍ക്ക് മനസ്സിലായി.

മിലാനില്‍ എത്താനുള്ള ക്ഷമയൊന്നും പിന്നീടവര്‍ക്കുണ്ടായില്ല. പുറത്തിറങ്ങിയാല്‍ എന്തായാലും ഗ്രീസിലേക്ക് പോകേണ്ടി വരില്ലെന്ന ആശ്വാസത്തിലായിരുന്നു അവര്‍. ടാങ്കില്‍ ശക്തിയായി ഇടിച്ചും ഉറക്കെ ശബ്ദമുണ്ടാക്കിയും അവര്‍ ഡ്രൈവറോട് ലോറി നിര്‍ത്താന്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. പക്ഷെ അയാളത് കേള്‍ക്കുന്നുണ്ടായിരുന്നില്ല. ഓഫ് ആയിട്ടില്ലാത്ത ബാദിയുടെ ഫോണില്‍ നിന്നും ഏഥന്‍സില്‍ തങ്ങള്‍ക്ക് ലോറി സംഘടിപ്പിച്ച തന്ന ഏജന്റിനെ ബന്ധപ്പെട്ടു. ഡ്രൈവറെ വിളിച്ച് ലോറി നിര്‍ത്താന്‍ പറഞ്ഞില്ലെങ്കില്‍ ലോറി നിര്‍ത്തുമ്പോള്‍ മൂന്ന് ശവങ്ങള്‍ മാത്രമായിരിക്കും പുറത്തെടുക്കാന്‍ ഉണ്ടാവുകയെന്ന് അയോളോട് പറഞ്ഞു.

കുറച്ച് സമയം കഴിഞ്ഞപ്പോള്‍ ലോറി നിന്നു. ഒരുവിധം പുറത്തിറങ്ങിയപ്പോള്‍ കാലുകള്‍ ഉണ്ടെന്നു തന്നെ തോന്നിയില്ല. കാലുകള്‍ മരവിച്ചുപോയിരുന്നു. പിന്നീട് കൈ ഉപയോഗിച്ച് ഇഴഞ്ഞിഴഞ്ഞാണ് ലോറിക്കടിയില്‍ നിന്നും പുറത്തെത്തിയത്. ഇനി നിങ്ങളുടെ കാര്യത്തില്‍ തനിക്ക് യാതൊരു ഉത്തരവാദിത്ത്വവുമില്ലെന്ന് പറഞ്ഞ് ലോറി ഡ്രൈവര്‍ ലോറി ഓടിച്ചു പോയി. അല്‍പ്പസമയത്തിന് ശേഷം ബാദിയുടെ ഫോണിലെ ജി.പി.എസ് ഉപയോഗിച്ച് സ്ഥലം മനസ്സിലാക്കി അടുത്തുള്ള ഒരു ഗ്രാമത്തിലേക്ക് അവര്‍ നടന്നു. കടുത്ത ദാഹവും വിശപ്പും അവരെ അലട്ടുന്നുണ്ടായിരുന്നു. ഗ്രാമീണരുടെ സഹായത്തോടെ ഒരു കഫെയിലെത്തിയ അവര്‍ക്ക് ജീവജലമായി ഒരു കപ്പ് കാപ്പി ലഭിച്ചു. കയ്‌പ്പേറിയ ഇറ്റാലിയന്‍ കാപ്പിയെങ്കിലും ജീവിതത്തില്‍ അവര്‍ കുടിച്ച ഏറ്റവും സ്വാദിഷ്ടമായ കാപ്പിയായിരുന്നു അത്.

സയിദ് പിന്നീട് വിയന്നയിലേക്ക് പോയി. അനാസ് ഇറ്റലിയിലെ കള്ളക്കടത്തുകാരുടെ സഹായത്തോടെ ഒരു കള്ള പാസ്‌പോര്‍ട്ട് സംഘടിപ്പിച്ച് സ്വീഡനിലേക്ക് പറന്നു. ബാദി ലീഡ്‌സില്‍ താമസമാക്കിയിരുന്ന ഒരു സഹോദരന്റെ അടുത്തെത്തി. ഇടുങ്ങിയ ഇന്ധനടാങ്കില്‍ നിന്നും നാട്ടിലേക്കുള്ള വഴിയിലായിരുന്നു അവര്‍.

Share it →

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായം

Comment Box is loading comments...
Powered by Blog - Widget

ദൈവത്തിന്‍റെ വികൃതികള്‍ © 2014 | Powered By Blogger

Distributed By Free Blogger Templates | Designed By Windroidclub